ബി.ജെ.പിയെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പിയെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഒരു സീരിയല്‍ കില്ലറുണ്ട്. ഇതുവരെ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ മറിച്ചിട്ടു. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പി. 277 എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങിയെന്നു കെജ്രിവാള്‍ ആരോപിച്ചു. ”എനിക്ക് നിരവധി ഫോണ്‍ വിളികള്‍ വരുന്നു. എല്ലാം ഒ.കെ അല്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഒരാളുടെ പിന്തുണ പോലും കുറയില്ല എന്ന് കാണിക്കാന്‍ സഭയില്‍ ഒരു വിശ്വാസ വോട്ടെടുപ്പ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര ഡല്‍ഹിയില്‍ വെറും ഓപ്പറേഷന്‍ ചെളിയായി മാറി” -കെജ്രിവാള്‍ പരിഹസിച്ചു.40 എം.എല്‍.എമാരെ വിലയ്ക്കെടുത്ത് ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കമെന്നാണ് എ.എ.പിയുടെ ആരോപണം. ഇതിനായി ഒരോ എം.എല്‍.എയ്ക്കും 20 കോടി വീതം വാഗ്ദാനം ചെയ്യപ്പെട്ടുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ടി. വഴിയാണ് ഇത്തരം പിന്‍വാതില്‍ ഓപ്പറേഷനുകള്‍ക്ക് ബി.ജെ.പി. ഫണ്ട് കണ്ടെത്തുന്നതെന്നാണ് കെജ്രിവാളിന്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →