തൃശ്ശൂർ: കുന്നംകുളം കിഴൂരിൽ അമ്മയെ കൊന്നത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്റ് റിപ്പോർട്ട്. പ്രതി ഇന്ദുലേഖയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി മകൾ അമ്മയെ കൊലപ്പെടുത്തിയെന്നാണ് റിമാന്റ് റിപ്പോർട്ട്. സ്വത്തിന്റെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാൽ വേഗത്തിൽ സ്വത്ത് കൈക്കലാക്കാമെന്ന് മകൾ കരുതി. പ്രതിക്കായി അടുത്ത ദിവസങ്ങളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
അമ്മ രുക്മിണിയെ വകവരുത്തിയത് പതിനാല് സെന്റ് സ്ഥലവും വീടും കൈക്കലാക്കാനെന്നാണ് മകൾ ഇന്ദുലേഖയുടെ കുറ്റസമ്മത മൊഴി. ആഡംബര ജീവിതവും ധൂർത്തും കൊണ്ട് ഇന്ദുലേഖ വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ കടമാണ്. ഭർത്താവറിയാതെ സ്വർണം പണയപ്പെടുത്തി മൂന്നു വർഷം കൊണ്ടാണ് ഈ കടമുണ്ടാക്കിയത്. ഗൾഫിൽ നിന്ന് ഭർത്താവ് എത്തും മുമ്പ് ആധാരം ഈട് വച്ച് പണയമെടുക്കാനായിരുന്നു ഇന്ദുലേഖയുടെ തീരുമാനം. ഇതിനായി അച്ഛൻറെയും അമ്മയുടെയും പേരിലുള്ള സ്ഥലം കൈക്കലാക്കാൻ അതിലൊരാളെ ഒഴിവാക്കാനായിരുന്നു നീക്കം. രണ്ടു മാസം മുമ്പ് പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകി. ചായക്ക് രുചി വ്യത്യാസം തോന്നി കുടിക്കാതിരുന്നതിനാൽ അച്ഛൻ ചന്ദ്രൻ രക്ഷപെട്ടു.
പിന്നീട് ഡോളോ ഗുളിക ഇരുപതെണ്ണം വാങ്ങി മാതാപിതാക്കൾക്ക് നൽകാൻ നീക്കം നടത്തി. അതും പരാജയപ്പെട്ടതോടെയാണ് കുന്നംകുളത്തെ കടയിൽ നിന്ന് എലിവിഷം വാങ്ങി കഴിഞ്ഞ 18 ന് അമ്മയ്ക്ക് ചായയിൽ കലർത്തി നൽകിയത്. അന്ന് ഇന്ദുലേഖയുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസമായിരുന്നു. സ്വർണം എവിടെയെന്ന് ഭർത്താവ് ചോദിക്കുകയും ചെയ്തിരുന്നു. വിഷം കഴിച്ച അമ്മയ്ക്ക് കടുത്ത ഛർദ്ദി അനുഭവപ്പെട്ടതോടെ ഇന്ദുലേഖ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടുത്തെ ഡോക്ടർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. 23 ന് രുഗ്മിണി മരിച്ചതോടെ പോസ്റ്റുമോർട്ടത്തിലും വിഷം ഉള്ളിൽ ചെന്നിരുന്നുവെന്ന് വ്യക്തമായി.
തുടർന്നാണ് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്ദുലേഖ മകൻറെ കൈയ്യിൽ വിഷത്തിന്റെ ബാക്കി കളയാൻ ഏൽപ്പിച്ച കാര്യം പുറത്തുവന്നു. ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിൾ സെർച്ചിൽ എലിവിഷം എങ്ങനെ ഉപയോഗിക്കാം എന്നത് തിരഞ്ഞ് പോയത് കണ്ടെത്തിയതും നിർണായക തെളിവായി. പിടിച്ചു നിൽക്കാനാവാതെ ഇന്ദുലേഖ എല്ലാം ഏറ്റുപറഞ്ഞു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ എലിവിഷത്തിന്റെ ബാക്കിയും നൽകാനുപയോഗിച്ച പാത്രവും ഗുളികകളും കണ്ടെത്തി. ഇന്ദുലേഖയ്ക്ക് ഏഴുലക്ഷം രൂപ എങ്ങനെ കടം വന്നു എന്നതറിയാൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

