ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ കുറ്റക്കാരായ 11 പേരെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. 2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിനു ശേഷമുണ്ടായ കലാപത്തിനിടെ അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു മോചിപ്പിച്ചത്. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സ്വാതന്ത്ര്യദിനത്തിലായിരുന്നു മോചനം.ഗുജറാത്ത് നിയമം അനുസരിച്ച് കുറ്റക്കാര്‍ ജയില്‍ മോചനം അര്‍ഹിക്കുന്നുണ്ടോ എന്നകാര്യമാകും സുപ്രീംകോടതി പരിഗണിക്കുക. സി.പി.എം .നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടുപേരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2008ല്‍ മുംബൈ സി.ബി.ഐ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.