കുടുംബശ്രീ ഓണച്ചന്തകൾ സെപ്റ്റംബർ ഒന്നുമുതൽ

കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാതല വിപണനമേള സെപ്റ്റംബർ ഒന്നുമുതൽ നാലുവരെ കോട്ടയം തിരുനക്കര മൈതാനത്തു വിപുലമായ തോതിൽ നടക്കും. കൂടാതെ വൈക്കം ബ്‌ളോക്കിലെ കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി സെപ്റ്റംബർ മൂന്നുമുതൽ ഏഴുവരെ ജില്ലാതല വിപണനമേള നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഓണച്ചന്തകൾ. ജില്ലയിലെ 78 കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ മൂന്നുമുതൽ അഞ്ചുദിവസം വരെ ഓണച്ചന്തകൾ നടത്തും.

കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വിവിധയിനം ഉൽപന്നങ്ങളാണ് ഓണച്ചന്തയെ സമ്പന്നമാക്കുന്നത്. പായസം, ശർക്കരവരട്ടി, ഉപ്പേരി, പുളിയിഞ്ചി, കാളൻ, തദ്ദേശീയ ഭക്ഷ്യ ഉൽപന്നങ്ങൾ, അച്ചാറുകൾ, കാർഷിക ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ തരം ബാഗുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സോപ്പുകൾ, സോപ്പുൽപന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമാകും. ഓണച്ചന്തകൾ ഉത്രാടദിവസം വൈകുന്നേരം വരെയുണ്ടാകുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അറിയിച്ചു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →