പാലക്കാട്: അട്ടപ്പാടി മധുവധക്കേസ് നാടിന്റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി നടപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 16 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യഥാർത്ഥ പ്രതികളാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മധുവിന്റെ കൊലപാതകം നാടിനു മുഴുവൻ അപമാനകരമായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാക്ഷികൾക്ക് കോടതിയിൽ വരുമ്പോഴും പോകുമ്പോഴും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

