മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ സംഘം ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂർ സർക്കിളിൽ വച്ചായിരുന്നു സംഭവം. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ കം കണ്ടക്ടർ സനൂപിന് ആക്രമണത്തിൽ പരിക്കേറ്റു.
സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിലെത്തിയ ഒരു സംഘം ആദ്യം ബസ് തടയുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ രണ്ട് പേർ ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിന്റെ ബൈസിന്റെ ഇടത്തേഭാഗത്ത് ചില്ല് തകർന്നു. ഡ്രൈവറെ വലിച്ച് താഴെയിറക്കി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവർ സനൂപിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതേ തുടർന്ന് പലയിടത്തും സർവ്വീസ് റോഡിലൂടെയാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സർവ്വീസ് റോഡിലൂടെ പോയ കെ സ്വിഫ്റ്റ് ബസ്സിലാണ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് വാഹനത്തിലെത്തിയവർ ആക്രമിച്ചത്.
ബസ്സിലെ മറ്റുയാത്രക്കാർക്ക് പരിക്കില്ല എന്നാണ് വിവരം. സംഭവത്തിൽ കെ സ്വിഫ്റ്റ് അധികൃതരുടെ നിർദേശ പ്രകാരം കണ്ടക്ടർ മാണ്ഡ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ എത്തിയ കാറും ബൈക്കും കർണാടക രജിസ്ട്രേഷനിലുള്ളതാണ്. ഈ വാഹനങ്ങൾ കണ്ടെത്താൻ മാണ്ഡ്യ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സർവ്വീസ് മുടങ്ങിയ സാഹചര്യത്തിൽ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി നാട്ടിലേക്ക് വിട്ടിട്ടുണ്ട്