ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിൽ വീടിനോടു ചേർന്നു നായയെ പൂട്ടുന്ന തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 301 കോളനി സ്വദേശി തരുണിനെയാണ് (23) 2022 ഓ​ഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 6 ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയ ശേഷം 20/08/22 ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു ശാന്തൻപാറ പൊലീസ് അറിയിച്ചു.

മൃതദേഹത്തിന് ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാൻ കാരണമായെന്നും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇവിടെ നിന്നു പോയ തരുണിന്റെ അമ്മയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നക്കനാൽ സ്വദേശിയായ ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇതിനിടെ തരുണിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തുവന്നു. തരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. സംഭവം നടക്കുമ്പോൾ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാർ കാണുന്നതിന് ഒരു മണിക്കൂർ മുൻപ് ഇയാളെ പുറത്തു കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തരുണിന്റെ വീട്ടിൽ നിന്നു 100 മീറ്റർ താഴെ തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നും ഇവർ പറയുന്നു. മൃതദേഹം തുടലിൽ പൂട്ടിയിട്ടതിനു സമീപത്തു നിന്നു മണ്ണെണ്ണക്കന്നാസും ചൂരൽവടിയും കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →