ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിക്കുന്നതിന് പരിമിതികളുള്ളതുകൊണ്ടാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ രൂക്ഷവിമര്‍ശനം.

മഹാത്മാഗാന്ധിക്കൊപ്പം സവര്‍ക്കറെ പരാമര്‍ശിച്ചു പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തെയും അദ്ദേഹം കടുത്തഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രത്തിനെതിരായ സമരത്തിന് യു.ഡി.എഫിലെ ഘടകകക്ഷികളുമായി െകെകോര്‍ക്കാന്‍ തയാറാണെന്ന സൂചനയും അദ്ദേഹം നടത്തിയിട്ടുണ്ട്. ആരോഗ്യകരമായി മത്സരിക്കാനല്ല അസഹിഷ്ണുതയോടെ ഇടതുമുന്നണി ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്.അതിന് ഇ.ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നു.

അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാറി. ഈ പശ്ചാത്തലത്തില്‍ ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരേ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കോ അവയിലെ അണികള്‍ക്കോ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തില്‍ െകെകോര്‍ക്കാന്‍ സി.പി.എം. തയാറാണെന്നും കോടിയേരി വ്യക്തമാക്കി.

മഹാത്മാഗാന്ധിക്കൊപ്പം ശ്രേഷ്ഠനായ സ്വാതന്ത്ര്യസമരസേനാനിയായി സവര്‍ക്കറെ പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിച്ചത്. ജയില്‍ മോചിതനാകാന്‍ മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ മുന്നില്‍ യാചന നടത്തിയ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാമെന്ന് ഉറപ്പുനല്‍കിയ സവര്‍ക്കറെ ഗാന്ധിജിക്കൊപ്പം കൂട്ടിയിണക്കിയത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ലേഖനത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →