ബേപ്പൂർ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും കുടിവെള്ളവിതരണം ലഭ്യമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കേരള വാട്ടർ അതോറിറ്റിയുടെ ബേപ്പൂർ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുവണ്ണൂരിൽ നിർമ്മിച്ചിരിക്കുന്ന സെക്ഷൻ ഓഫിസിനു കീഴിൽ നിലവിൽ അര ലക്ഷത്തോളം കണക്ഷനുകളുണ്ട്. പുതിയ കെട്ടിടമാകുന്നതോടെ ഉദ്യോഗസ്ഥർക്ക് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
മുൻ എം എൽ എ വി കെ സി മമ്മദ് കോയയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സി. രാജൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി കെ സി മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.എക്സിക്യൂട്ടീവ് എൻജിനീയർ ഡി.വിജിൽസ് റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി ഗിരീശൻ സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ അബ്ദുള്ള നന്ദിയും പറഞ്ഞു.