ന്യൂഡല്‍ഹി: പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഒരു കോടിയിലധികം ദേശീയ പതാകകള്‍ വിറ്റഴിച്ചു. ഇന്ത്യ പോസ്റ്റിന്റെ ഒന്നര ലക്ഷം ഔട്ട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈനിലൂടെയുമാണ് ഇത്രയും പതാകകള്‍ വിറ്റഴിച്ചതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായായിരുന്നു വില്‍പന.
25 രൂപ ഒരു പതാകയ്ക്ക് എന്ന കുറഞ്ഞ നിരക്കിലാണ് തപാല്‍വകുപ്പ് പതാകകള്‍ വിറ്റത്. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ രാജ്യത്തുടനീളമുള്ള ഏത് വിലാസത്തിലും പതാക, ഡെലിവറി ചാര്‍ജ് ഇല്ലാതെ തപാല്‍ വകുപ്പ് എത്തിക്കുന്നുണ്ട്. ഇ- പോസ്റ്റ് ഓഫീസ് സൗകര്യം വഴി 1.75 ലക്ഷത്തിലധികം പതാകകള്‍ പൗരന്മാര്‍ ഓണ്‍ലൈനായി വാങ്ങി.പ്രഭാത ഭേരി, ബൈക്ക് റാലി, ചൗപല്‍ സഭകള്‍ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള 4.2 ലക്ഷം തപാല്‍ ജീവനക്കാര്‍, നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും തുടങ്ങി എല്ലായിടത്തും ”ഹര്‍ ഘര്‍ തിരംഗ” എന്ന സന്ദേശം പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും തപാല്‍ വകുപ്പ് പരിപാടിയുടെ ബോധവത്കരണം നടത്തുന്നു.