വന്യമൃഗ ശല്യം: ആനയിറങ്കലില്‍ സ്ഥിരം വാച്ചറെ നിയമിക്കും

മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വച്ചറെ നിയമിക്കാന്‍ തീരുമാനമായി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തില്‍ കാട്ടാനയിറങ്ങി റേഷന്‍ കട നശിപ്പിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.

കാട്ടാനകളുടെ സ്ഥിരം സഞ്ചാര പാതകളില്‍ സോളാര്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രൊപോസല്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഫയര്‍ഫോഴ്സില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച 20 പേരടങ്ങുന്ന എമര്‍ജന്‍സി റെസ്‌ക്യു ടീമിനെ ആവശ്യമായ സംവിധാനങ്ങളോടെ വിട്ടു നല്‍കും. അതോടൊപ്പം റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് യോഗത്തില്‍ അറിയിച്ചു.  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ മിനി മാക്‌സ് ലൈറ്റ് സ്ഥാപിച്ചു നല്‍കുമെന്ന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് ആനയിറങ്കലിലെ  റേഷന്‍ കട കാട്ടാന തകര്‍ത്തത്. അരി തിന്നാനാണ് ആന തുടര്‍ച്ചയായി  കട തകര്‍ക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഇതേ റേഷന്‍ കടയും  സമീപത്തെ അങ്കണവാടിയും ഒറ്റയാന്‍ തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പകല്‍ സമയത്ത് പോലും ജനവാസ മേഖലയില്‍ കാട്ടാന തമ്പടിയ്ക്കുകയാണെന്നും കൃഷിക്കും ജീവനും ഭീഷണിയായ സാഹചര്യമാണുള്ളതെന്നും തൊഴിലാളികള്‍ യോഗത്തില്‍ പറഞ്ഞു. 

പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ആര്‍. ജയന്‍, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →