ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2021-2022 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ താരമായി ഇന്ത്യന്‍ ടീം നായകന്‍ സുനില്‍ ഛേത്രിയെയും വനിതാ താരമായി മനീഷ കല്യാണിനെയും തെരഞ്ഞെടുത്തു.
ദേശീയ ടീം കോച്ചുമാരായ തോമസ് ഡെന്നെര്‍ബിയും ഇഗോര്‍ സ്റ്റിമാച്ചുമാണ് താരങ്ങളെ നിര്‍ദേശിച്ചത്. ഛേത്രിയുടെ ഏഴാം എ.ഐ.എഫ്.എഫ്. പുരസ്‌കാരമാണിത്. 2018-2019 സീസണിലാണ് ഛേത്രി മികച്ച താരത്തിനുള്ള പുരസ്‌കാരം അവസാനം നേടിയത്. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച താരം. മനീഷ സൈപ്രസ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായ അപ്പോളന്‍ ലേഡീസിന്റെ താരമാണ്. സാഫ് കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് സുനില്‍ ഛേത്രിക്ക് തുണയായത്. സാഫ് കപ്പിലെ ടോപ് സ്‌കോററായ ഛേത്രി അഞ്ചു ഗോളുകളടിച്ച് ടൂര്‍ണമെന്റിലെ താരമായി. എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍നിന്നു നാല് ഗോളുകളുമടിച്ചു.
വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള എമേര്‍ജിങ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിക്രം പ്രതാപ് സിങ്ങും മാര്‍ട്ടീന ടോക്ക്‌ഹോമും സ്വന്തമാക്കി. മികച്ച റഫറിയായി ക്രിസ്റ്റല്‍ ജോണിനെയും തെരഞ്ഞെടുത്തു.