പട്ന: ബിഹാറില്‍ നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള ധാരണയ്ക്കു കളമൊരുങ്ങിയത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ. ഇതു രണ്ടാം തവണയാണ് ജെ.ഡി.(യു)-ആര്.ജെ.ഡി. സഖ്യം രൂപീകൃതമാകുന്നത്. 2015 ല്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള നീണ്ട കാലത്തെ സഖ്യം വിട്ട് ആര്.ജെ.ഡിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. തേജസ്വിയും സഹോദരനും അന്നു മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. 2017 ല്‍, തേജസ്വി യാദവ് അഴിമതിക്കാരനാണെന്ന് ആരോപിച്ചു നിതീഷ് കുമാര്‍ സഖ്യം വിടുകയും വീണ്ടും ബി.ജെ.പിയുമായി െകെകോര്ക്കുകയും ചെയ്തു.
എന്നാല്‍, ഇക്കുറി ബി.ജെ.പിയുമായുള്ള സഖ്യം നല്ല രീതിയിലല്ല മുന്നോട്ടുപോയത്. ഇരുപാര്‍ട്ടികളും പൊതുവേദികളില്‍തന്നെ പരസ്പരം വിമര്‍ശനമുന്നയിച്ചു.ഇക്കുറി മുന്‍ കേന്ദ്രമന്ത്രി ആര്.സി.പി. സിങ്ങിനെതിരേയാണ് നിതീഷും സംഘവും അഴിമതി ഉന്നയിക്കുന്നത്. ജെ.ഡി.(യു) നേതാവായിരുന്ന സിങ് അടുത്തിടെയാണു പാര്‍ട്ടി വിട്ടത്. കേന്ദ്രമന്ത്രിസഭാംഗമായിരുന്ന ആര്.സി.പി. സിങ്, അമിത് ഷായുടെ ചട്ടുകമായി ജനതാദളിനെ പിളര്‍ത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നു നിതീഷ് ആരോപിക്കുന്നു.
കഴിഞ്ഞ മേയില്‍ തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തതു മുതല്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരുന്നു. നിതീഷിന്റെ ഇഫ്താര്‍ വിരുന്നില്‍ തേജസ്വിയും പങ്കെടുത്തു.തേജസ്വിയുടെ പിതാവും ആര്.ജെ.ഡി. നേതാവുമായ ലാലുപ്രസാദ് യാദവിനെതിരേ പുതിയൊരു അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും മൗനം പാലിച്ചത് കേന്ദ്ര നടപടിയോടുള്ള അതൃപ്തിയായി വ്യാഖ്യാനിക്കപ്പെട്ടു. കഴിഞ്ഞ ജൂണില്‍ അവസാനിച്ച ബിഹാര്‍ നിയമസഭാ സമ്മേളനത്തിനിടെ സര്‍ക്കാരിനെതിരേ ആര്.ജെ.ഡി. വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു.

