മന്ത്രി റിയാസ് പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ”റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചു ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍, പ്രതിപക്ഷം വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിക്ക് അസഹിഷ്ണുതയാണ്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതുകൊണ്ടാണു റിയാസിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നത്. റോഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ എന്നെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നത്. എന്റെ മനസിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല. റോഡിലെ കുഴിയാണ് അടയ്ക്കേണ്ടത്. മന്ത്രിയുടെ മറുപടികള്‍ക്ക് എന്റെ ചോദ്യവുമായി യാതൊരു ബന്ധവുമില്ല. അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്നു പറയുന്നതുപോലെയാണ് മറുപടികള്‍. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും തെറ്റുതിരുത്തുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. ജയിലില്‍ പോയി പരിചയമില്ല, കൊതുകുകടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെ അതിനുപകരം പറയുന്നത് എന്തിനാണ്”- പ്രതിപക്ഷ നേതാവ് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →