ദില്ലി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ. പരാതി കിട്ടിയാൽ ചവറ്റുകുട്ടയിൽ ഇടാൻ കഴിയില്ല. സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം തേടും. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറല്ലെന്നും ഗവർണർ പറഞ്ഞു. വിഷയത്തിൽ കണ്ണൂർ വിസിയോട് അടിയന്തിരമായി ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിൻറെ നിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിൻറെ പാരിതോഷികമായാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന ആരോപണവും ഉണ്ടായിരുന്നു. തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപിക യായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിന് തൊട്ടു മുൻപ് മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുക യായിരുന്നു.
എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു

