എസ്എസ്എല്‍ വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്എസ്എല്‍ വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ദൗത്യത്തെ ആശങ്കയിലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. റോക്കറ്റ് വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുവോ എന്നതില്‍ സംശയം നിലനില്‍ക്കുകയാണ്. ഇത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ ദൗത്യം വിജയകരമാണോ അല്ലയോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

എസ് എസ് എല്‍ വിയുടെ എല്ലാ ഘട്ടങ്ങളും വിജയകരമായെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെടുകയായുണ്ടായതെന്ന് ഐ എസ് ആര്‍ ഒ മേധാവി സോമനാഥ് പറഞ്ഞു.സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉപഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ആസാദി സാറ്റിന്റെ ഭാരം എട്ട് കിലോ മാത്രമാണ്. ഉപഗ്രഹ വാഹിനി എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്. പത്തില്‍ താഴെ മാത്രം ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുത്ത വിക്ഷേപണമാണ് നടന്നത്. മലപ്പുറം മംഗലം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ കുഞ്ഞന്‍ പേടകത്തിന് പിന്നില്‍. ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വി ഡി-1 അതിന്റെ പ്രഥമ ദൗത്യത്തിലേക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ഞൂറ് കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ് എസ് എല്‍ വിക്ക് സാധിക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →