നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി; വിചാരണ ചുമതലയിൽ ഹണി എം വർഗീസ് തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഹണി എം വര്‍ഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജഡ്ജിയായി തുടരും.

എറണാകുളം സി ബി ഐ കോടതി മൂന്നില്‍ നിന്ന് കേസ് നടത്തിപ്പ് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വര്‍ഗീസ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹണി എം വര്‍ഗീസിനെ വിചാരണച്ചുമതല ഏല്‍പിച്ചത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയില്‍ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയേയും നിയമിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വര്‍ഗീസിന്റെ ചുമതലയിലുളള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ കേന്ദ്രങ്ങളില്‍ നിന്നടക്കം ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉയര്‍ന്നതോടെയാണ് നടിയെ ആക്രമച്ച കേസിന്റെ വിചാരണ ഹണി എം വര്‍ഗീസ് തന്നെ തുടരുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. അനുബന്ധ കുറ്റപത്രം അടക്കം പരിശോധിക്കുന്ന നടപടികള്‍ 06/08/22 ശനിയാഴ്ച തുടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →