പ്രകൃതിക്ഷോഭം ഉണ്ടായ മേഖലകളിൽ ടൂറിസം വേണ്ട; കർശന താക്കീതുമായി റവന്യൂ മന്ത്രി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരന്തമേഖലയിൽ ആളുകൾ ചുമ്മാ കാഴ്ച കാണാൻ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ തടയണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെ നിലവിൽ കടലിൽ കാറ്റ് വീശുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 18 മണിക്കൂറിൽ മഴയുടെ അളവിൽ കുറവുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ജാഗ്രത തുടരുകയാണ്. ഡാം മാനേജ്മെന്റ് കൃത്യമായി നടക്കുന്നുണ്ട്. റൂൾ കർവ് അനുസരിച്ച് ഡാമുകളിൽ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കി വിടാൻ ക്രമീകരണം നടത്തിയിട്ടുണ്ട്.

പത്തനംതിട്ട അടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന് തടസ്സമില്ല. എന്നാൽ പമ്പയിൽ സ്നാനം അനുവദിക്കില്ല. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തോട് എല്ലാവരും സഹകരിക്കണം. എന്നാൽ ശബരിമലയിലേക്കുള്ള യാത്രയിൽ വളരെ ജാഗ്രത വേണം. ഇക്കാര്യം തീർത്ഥാടകർ ശ്രദ്ധിക്കണം. പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധികൃതരോട് നിർദ്ദേശിച്ചു.

അതിതീവ്ര മഴയും തുടർച്ചയായ മഴമൂലം മണ്ണിടിച്ചിലിനുള്ള സാധ്യതയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളികൾ. വെള്ളം കയറിയ സ്ഥലങ്ങളിലും മറ്റു ദുരന്ത മേഖലകളിലും ജനങ്ങൾ സന്ദർശനം നടത്തുന്ന നിലയുണ്ട്. ഒരു തരത്തിലും അത് അനുവദിക്കില്ല. 02/08/22 ചൊവ്വാഴ്ച ചാലക്കുടിയാറിൽ കാട്ടാന കുടുങ്ങി എന്ന വാർത്ത വന്നതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് അങ്ങോട്ട് എത്തിയത്. ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദുരന്ത ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ല. ഇക്കാര്യത്തിൽ കർശന നിർദേശം പോലീസിന് നൽകിയിട്ടുണ്ട്.

ഓറഞ്ച് ബുക്ക് പ്രകാരം ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്നെല്ലാം ആളുകളെ നിർബന്ധമായും ഒഴിപ്പിക്കണം. ഇതിനായി ക്യാമ്പുകളും, ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെല്ലാം നിർബന്ധമായും സേവന സന്നദ്ധരായി രംഗത്തുണ്ടാവണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കക്കി, പമ്പ ഡാം തുറന്നാൽ കുട്ടനാട്ടിലേക്ക് വെള്ളം അധികം എത്തും എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആ നിലയിൽ ഇപ്പോൾ വലിയ പ്രശ്നങ്ങളില്ല. 2018 – ൽ കണ്ടതുപോലെ കടലിലേക്ക് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയല്ല. അതിനാൽ വലിയ ആശങ്ക കുട്ടനാട്ടിൽ ഇല്ല. സാധാരണ നിലയിൽ ഉണ്ടാവുന്ന തരത്തിലുള്ള പ്രശ്നങ്ങൾ മാത്രമേ കുട്ടനാട്ടിൽ ഉള്ളൂ. നാലുദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ആ നിലയിലുള്ള മഴ ഈ മണിക്കൂറുകളിൽ ഇല്ല എന്നതാണ് ആശ്വാസം. ആഗസ്റ്റ് അഞ്ചാംതീയതിയോട് കൂടി സാധാരണ നിലയിലേക്ക് കേരളം എത്തും എന്നാണ് പ്രതീക്ഷ. തെക്കൻ കേരളത്തിൽ നിന്നും മാറി വടക്കൻ കേരളത്തിലേക്കാവും ഇനിയുള്ള മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →