ന്യൂഡല്‍ഹി :രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും രാജ്യത്തെ പണപ്പെരുപ്പം ഏഴുശതമാനമോ അതില്‍ കുറവോ ആയി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ വിലക്കയറ്റവിഷയത്തില് നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.കോവിഡ് വ്യാപനം, റഷ്യ-യുക്രൈന് യുദ്ധം, വിതരണശൃംഖലയുടെ തകര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍മൂലം പ്രതീക്ഷിച്ച സാമ്പത്തികവളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജി.ഡി.പി. തകര്‍ച്ചയിലാണ്. യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് 22 മാസം പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. ചൈനയില്‍ മൂവായിരം ബാങ്കുകളാണ് പാപ്പരായത്. ഇന്ത്യയില്‍ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവുംകുറഞ്ഞ നിരക്കായ 5.9 ശതമാനത്തിലെത്തിയിരിക്കുന്നു. ഇന്ത്യയുടെ കടഭാരം-ജി.ഡി.പി. അനുപാതം നടപ്പുവര്‍ഷം 56.21 ശതമാനമായിരിക്കും. മറ്റുരാജ്യങ്ങളെക്കാള് കുറവാണിത് -മന്ത്രി പറഞ്ഞു.