കൊച്ചി: ബഫർ സോൺ, പരിസ്ഥിതി ലോല വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളസർക്കാർ ഇതുവരെ എടുത്ത നിലപാടുകൾ ഉൾപ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കെസിബിസി കർഷക അതിജീവന സമ്മേളനം.
കേരളത്തിലെ കർഷകരുടെ അതിജീവന പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതിനും, ബഫർസോൺ പരിസ്ഥിതി ലോല മേഖല വിഷയത്തിൽ കെസിബിസിയെയും കേരളത്തിലെ 57 കർഷക സംഘടനകളെയും ഏകോപിപ്പിച്ച് തുടർ പ്രവർത്തനങ്ങളും നിയമ പോരാട്ടവും സമര പരിപാടികളും ഒറ്റ ലക്ഷ്യത്തോടെ നടപ്പാക്കാൻ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അതിജീവന സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ കർഷക സമരങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ വിവിധ കമ്മിറ്റികൾക്കും രൂപം നൽകി.
കൊച്ചി പാലാരിവട്ടം പിഒസിയിൽ കെസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായി മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അതിജീവന സമ്മേളനം കെസിബിസി അധ്യക്ഷനും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കർഷകന്റെ കൃഷിഭൂമിയിലേക്കും വാസസ്ഥലത്തേക്കും കടന്നു കയറുന്ന പരിസ്ഥിതി നിയമങ്ങൾ വനത്തിന്റെ അതിർത്തിയിൽ അവസാനിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങണമെന്നും സർക്കാർ കൃത്യമായ വിവരശേഖരണം നടത്തി ശാസ്ത്രീയ രീതിയിൽ രേഖ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി സെക്രട്ടറി ജനറലും ബത്തേരി രൂപത അധ്യക്ഷനുമായ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ തോമസ് തറയിൽ, ഡോക്ടർ ചാക്കോ കാളംപറമ്പിൽ, അഡ്വക്കേറ്റ് സുമിൻ എസ്. നെടുങ്ങാടൻ, വി.ബി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയ്ക്ക് ഇൻഫാം ദേശീയ ഉപദേഷ്ടാവും താമരശ്ശേരി രൂപതാ അധ്യക്ഷനുമായി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മോഡറേറ്ററായി. ഹൈറേഞ്ച് സംരക്ഷണസമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, കിഫ പ്രതിനിധി അഡ്വക്കേറ്റ് ജോസ് ചെരുവിൽ, രാഷ്ട്രീയ കിസാൻ മഹാസംഘ് ചെയർമാൻ അഡ്വക്കേറ്റ് ബിനോയ്, അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ, രാഷ്ട്രീയ കിസാൻ സംഘ് വൈസ് ചെയർമാൻ മുതലമാംതോട് മണി, ഇൻഫാം പ്രതിനിധി ഷെവലിയാർ അഡ്വക്കേറ്റ് വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് പാലക്കാപ്പള്ളി സ്വാഗതവും ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാദർ ജേക്കബ് മാവുങ്കൽ നന്ദിയും പറഞ്ഞു.

