കോഴിക്കോട് : വടകരയിലെ സജീവന്റെ മരണത്തിൽ വടകര ഡിവൈഎസ്പി, സിഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്ഐ എം.നിജേഷ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണസംഘം നോട്ടീസ് അയക്കും. മൊഴിയെടുക്കാൻ അന്വേഷണസംഘത്തിന് മുന്നിൽ ഉടൻ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ്. 30/07/22 ശനിയാഴ്ച നോട്ടീസ് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക നടപടികൾ കാരണം വൈകുകയായിരുന്നു.
സജീവന്റെ മരണകാരണം ഹൃദയഘാതം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം തേടുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലേയും തോൽ ഉരഞ്ഞു പോറൽ ഉണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം സർജന്റെ മൊഴിയെടുക്കും. വടകര പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കും.
സസ്പെൻഷനിലായ എസ്ഐ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവരോട് 31/07/22 ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും മൂന്നുപേരും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

