മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി ചാടി വീണു.

കാക്കനാട് (കൊച്ചി: കനത്ത സുരക്ഷാ വലയം ഭേദിച്ചു കുതിച്ചെത്തി മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ചില്ലിലിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കലക്ടറേറ്റ് ജംക‍്ഷനിലാണ് പ്രതിഷേധമുണ്ടായത്. എറണാകുളം ഗവ. പ്രസിലെ ആധുനിക യന്ത്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു മടങ്ങുന്നതിനിടെ ഗവ. പ്രസ് റോഡിൽ നിന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രധാന റോഡിലേക്കു പ്രവേശിക്കുന്നതിനിടെ, റോഡരികിൽ നിന്നിരുന്ന യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ നിന്നു മുദ്രാവാക്യം വിളിച്ച സോണിയെ മറികടന്നു പോകാൻ മുഖ്യമന്ത്രിയുടെ ഡ്രൈവർ കാർ വെട്ടിച്ചെങ്കിലും തൊട്ടടുത്ത കമ്യൂണിറ്റി ഹാളിന്റെ ചുറ്റുമതിൽ തടസ്സമായതിനാൽ പെട്ടെന്നു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അതോടെ സോണി മുൻവശത്തു നിന്നു കാറിന്റെ മുഖ്യമന്ത്രി ഇരുന്ന വശത്തേക്ക് ഓടിയെത്തി. മുഖ്യമന്ത്രിയുടെ സീറ്റിനു സമീപത്തെ ചില്ലിൽ കൈ കൊണ്ട് പലതവണ ആഞ്ഞടിച്ചു മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു. പൊലീസ് പാഞ്ഞെത്തി സോണിയെ പിടികൂടി.

ബലപ്രയോഗത്തിനിടെ സോണിയും പൊലീസുകാരും റോഡിലേക്കു മറിഞ്ഞു വീണു. എറണാകുളം എആർ ക്യാംപിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺകുമാറിന്റെ വലതു കൈവിരൽ ഒടിഞ്ഞു. എഎസ്ഐ ജയലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷാദ് എന്നിവരും റോഡിലേക്കു മറിഞ്ഞു വീണു. അരുൺകുമാറിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ട ശേഷം പൊലീസ് സോണിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.

സംഭവത്തിനു തൊട്ടുമുൻപ് പരിസരത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 7 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. അവരുടെ കൂട്ടത്തിൽ ഉൾപ്പെടാതെ ഒഴിഞ്ഞുമാറി പൊലീസിന്റെ കണ്ണിൽപെടാതെയാണ് സോണി പ്രതിഷേധം പ്രകടിപ്പിച്ചത്. ഇൻഫോപാർക്കിലെ ചടങ്ങിനുശേഷമാണു മുഖ്യമന്ത്രി കലക്ടറേറ്റിനു സമീപത്തെ ഗവ. പ്രസിൽ എത്തിയത്.

പ്രധാനറോഡിൽ പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയിൽ ദിശമാറിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇതുമൂലം മുഖ്യമന്ത്രി പ്രസിലേക്കു വരുമെന്നു കരുതിയ വഴിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പ്രതിഷേധിക്കാൻ കഴിഞ്ഞില്ല. കരുതൽ കസ്റ്റഡിയിലെടുത്ത ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവരെ വിട്ടയച്ചുവെങ്കിലും സോണിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നിലപാട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →