അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.

അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ട രാജേഷ് എം.മേനോൻ. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം.പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി . ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.

അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →