തിരുവനന്തപുരം: സാധാരണക്കാരുടെ നിക്ഷേപം കൈയ്യിട്ടുവാരി കൊള്ളയും ധൂർത്തും നടത്തുന്ന സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ മരിച്ച സംഭവം നിർഭാഗ്യകരവും നടുക്കുന്നതുമാണെന്നും സിപിഎം ഭരണ സമിതി നടത്തിയത് വൻ കൊള്ളയാണെന്ന് സുധാകരൻ പറഞ്ഞു.
കൊളള നടത്തിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കാനോ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. പകരം അവർക്ക് സംരക്ഷണം ഒരുക്കുകയാണ് സർക്കാർ.300 കോടിയുടെ തട്ടിപ്പിന് നേതൃത്വം നൽകിയ സിപിഎം ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടന്ന് ചെല്ലാത്തതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും അതിന് തെളിവ്. ഈ കേസിൽ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോൾ ജാമ്യത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന പുതിയതരം ധനസമ്പാദന മാർഗമാണ് സിപിഎം ഇപ്പോൾ പരീക്ഷിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.
ജില്ലാ സഹകരണബാങ്കുകളെ ഇല്ലാതാക്കിയതും പ്രശ്നപരിഹാരത്തിനുള്ള വേഗത കുറയ്ക്കാൻ കാരണമായി. കേരള ബാങ്ക് ഇത്തരം പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നത് ഗുരുതരവീഴ്ചയാണ് വരുത്തിയത്. സഹകരണ സംഘങ്ങളും ബാങ്കുകളും മൊത്തം നിക്ഷേപത്തിൻറെ ഒരു ശതമാനം വീതം അടയ്ക്കുന്ന ഡെപോസിറ്റ് ഗ്യാരൻറി സ്കീം വഴി കോടികണക്കിന് രൂപ കരുതൽ ധനമായി ഉണ്ടായിരുന്നിട്ടും കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിന് അതിൽ നിന്നും നയാപെെസപോലും സർക്കാർ ചെലവാക്കാത്തതും നിക്ഷേപകരുടെ ദുരിതം ഇരട്ടിയാക്കി. ഡെപോസിറ്റ് ഗ്യാരൻറി സ്കീമിൽ നിലവിലെ നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സർക്കാർ കെെയൊഴിയുകയാണ് ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്ന് വർഷം പിന്നിടുകയും ഇൗ കാലയളവിൽ മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കിൽ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാൻ സർക്കാർ ഇടപെടാതെ ഇപ്പോൾ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സർക്കാർ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ലക്ഷങ്ങൾ നിക്ഷേപം ഉണ്ടായിട്ടും ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണം ഇല്ലാതെ കൊടിയ ദുരിതത്തിലാണ് ഓരോ നിക്ഷേപകനും. ആരുടെയും പണം നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും അത് ലഭിക്കാൻ വെെകുന്നതോടെ സ്ഥലം വാങ്ങൽ, വീടുവെക്കൽ, വിവാഹം തുടങ്ങി ഒരുപാട് പേരുടെ സ്വപ്നങ്ങളും അതോടൊപ്പം തകരുകയാണ്. ഇതിനെല്ലാം പരിഹാരം കാണാൻ ബാധ്യതപ്പെട്ട സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കരുവന്നൂർ ബാങ്കിൽ 30 ലക്ഷത്തിൻറെ നിക്ഷേപം ഉണ്ടായിരുന്ന മാപ്രാണം സ്വദേശി ഫിലോമിനയും പത്തുലക്ഷം നിക്ഷേപം ഉണ്ടായിരുന്ന തളിയക്കോണം സ്വദേശി ഇ.എം. രാമനും സർക്കാർ കാട്ടിയ അലംഭാവത്തിന്റെ ഇരകളാണ്. ബാങ്കിൽ പണം ഉണ്ടായിട്ടും ചികിത്സക്ക് പണം ഇല്ലാതെ മരിച്ച ഇവരുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങൾക്കും ഗ്യാരന്റി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായെന്നും സുധാകരൻ പറഞ്ഞു