ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, പവന്‍ ഖേര, നെട്ടാ ഡിസൂസ എന്നിവര്‍ ഓഗസ്റ്റ് 18-നു ഹാജരാകാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സ്മൃതിയുടെ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്നാരോപിച്ചുള്ള ട്വീറ്റുകളും വീഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനകം നീക്കംചെയ്യാനും കോടതി കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശിച്ചു.ട്വീറ്റുകള്‍ നേതാക്കള്‍തന്നെ നീക്കംചെയ്യുന്നില്ലെങ്കില്‍ ട്വിറ്റര്‍ അതു ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരിയുടെ അന്തസിനു സാരമായ കളങ്കമേല്‍പ്പിക്കുന്നതാണു കോണ്‍ഗ്രസ് നേതാക്കളുടെ ട്വീറ്റുകളെന്നും ശരിയായ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇത്തരം പ്രചാരണങ്ങളെന്നും ജസ്റ്റിസ് മിനി പുഷ്‌കര്‍ണ ചൂണ്ടിക്കാട്ടി. സ്മൃതിയുടെ മകള്‍ക്കെതിരേ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാ സാമൂഹികമാധ്യമങ്ങളില്‍നിന്നും നീക്കംചെയ്യണം.
ഓഗസ്റ്റ് 18-നു ഹാജരാകാന്‍ െഹെക്കോടതി നോട്ടീസ് ലഭിച്ചതായി ജയ്റാം രമേശ് എം.പി. ട്വിറ്ററില്‍ സ്ഥിരീകരിച്ചു. കോടതിയില്‍ വസ്തുതകള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും മുന്‍കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉന്നതപദവിയിലുള്ളവര്‍ ഉള്‍പ്പെടെ ഏത് പൗരനെതിരേയും അപകീര്‍ത്തികരമായ ആരോപണം നടത്തുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.
ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ തന്റെ മകള്‍ക്കെതിരായ ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനി കഴിഞ്ഞയാഴ്ച മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും വക്കീല്‍ നോട്ടീസയച്ചിരുന്നു. ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസിനെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു.

