തലയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചു

സുക്മ (ഛത്തീസ്ഗഡ്): തലയ്ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്, സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.സുക്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സി.പി.ഐ. (മാവോയിസ്റ്റ്) കതേകല്യാന്‍ ഏരിയാ കമ്മിറ്റി അംഗം രാകേഷ് മഡ്കാം മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു വ്യാഴാഴ്ച രാത്രിയോടെ സുരക്ഷാസേന ജില്ലാ അതിര്‍ത്തിയിലെ വനമേഖലയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.
തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്കു വെടിയുതിര്‍ക്കുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. ചെറിയ ഏറ്റുമുട്ടലിനു ശേഷം മാവോയിസ്റ്റ് സംഘം ഇവിടെനിന്നു കടന്നു. തെരച്ചില്‍ തുടര്‍ന്ന സുരക്ഷാസേന ഇന്നലെ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി.കൊല്ലപ്പെട്ട രാകേഷിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തദ്ദേശിയമായി നിര്‍മിച്ച ആയുധങ്ങളടക്കം ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം