ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണക്കോടതി അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുള്‍ നാസര്‍ മഅദനി അടക്കമുള്ള പ്രതികള്‍ക്കെതിരേ പുതിയ തെളിവുകളുണ്ടെന്നും അത് പരിഗണിക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് കര്‍ണാടകയുടെ ആവശ്യം. പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടിസയച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാല്‍ പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. കേസിലെ 21 പ്രതികള്‍ക്കെതിരേ ഫോണ്‍ രേഖകള്‍ അടക്കം തെളിവ് ലഭിച്ചെന്നും ഇതു സുപ്രധാനമാണെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. പുതിയ തെളിവുകള്‍ പരിഗണിച്ചാല്‍ വാദം അനന്തമായി നീളുമെന്നായിരുന്നു മഅ്ദനിയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകളെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയലും ഹാജരായി.
മഅദനി പ്രതിയായ ബംഗളുരു സ്ഫോടനക്കേസ്: അന്തിമ വാദത്തിന് സ്റ്റേ
