കറി പൗഡർ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകൾ പൂർണമായും വിപണിയിൽ നിന്നു പിൻവലിക്കാൻ കർശന നടപടി സ്വീകരിക്കും. വിൽപ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നൽകും. മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനകൾ ഊർജിതമാക്കുന്നതിന് മൊബൈൽ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതാണ്.

സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമായി തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നലെവരെ 9,005 പരിശോധനകളാണ് നടത്തിയത്. 382 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1230 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 6278 പരിശോധനകൾ നടത്തി. 28,692 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 181 പേർക്ക് നോട്ടീസ് നൽകി. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 1539 പരിശോധനകൾ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകൾ നടത്തി. 1558 ജൂസ് കടകളും പരിശോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →