ചെന്നൈ: 44-ാമത് അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അഞ്ചുതവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും, മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടർന്ന് ടോർച്ച് ഇന്ത്യൻ താരങ്ങൾക്ക് കൈമാറി.
ആതിഥ്യ മര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈ രടികൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായിക രംഗത്ത് പരാജിതർ ഇല്ല. വിജയികളും, ഭാവി വിജയികളും മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുന്ന ചരിത്ര സമയത്താണ് ഇന്ത്യ ഒളിമ്പ്യാടിന് ആതിഥേയത്വം വഹിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ പൂർണ്ണപിന്തുണയോടെ തമിഴ്നാട് സർക്കാർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ. എൻ രവി, മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ, കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, എൽ. മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്ന് മാറ്റി ആദ്യമായാണ് ഇന്ത്യയിൽ ഒളിമ്പ്യാഡ് നടക്കുന്നത്. 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മാമല്ലപുരത്തെ പൂഞ്ചേരി ഗ്രാമത്തിലാണ് ഒളിമ്പ്യാഡ് നടക്കുക.

