കരുവന്നൂർ തട്ടിപ്പ്, ‘സർക്കാരിന്റെ ഇടപെടൽ വേണം – സിപിഐ

തൃശൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങളിൽ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ച്‌ ഒരു വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികം ആകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണത്തിനായി നിക്ഷേപകർ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാൻ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണം എന്നും സിപിഐ ആവശ്യപ്പെട്ടു

കരുവന്നൂരിൽ കഴിഞ്ഞ തിങ്കളാഴ്ച മരിച്ച രാമനെന്ന എഴുപത്തിയഞ്ചുകാരന് ചികിത്സയ്ക്ക് പണം നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. രാമന് തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയെങ്കിലും നൽകിയില്ല. പത്ത് ലക്ഷം രൂപയാണ് രാമന്റെ പേരിൽ ബാങ്കിൽ നിക്ഷേപമായുള്ളത്.

മാപ്രാണം പൊറത്തിശേരി സ്വദേശി രാമനും മൂത്ത ചേച്ചി ഭാർഗവിയും വീടും പുരയിടവും വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. സഹോദരിയുടെ മകളുടെ സംരക്ഷണയിലായിരുന്നു ഇരുവരും. ചികിത്സയ്ക്കും ശിഷ്ടകാല ജീവിതത്തിനുമുള്ളതായിരുന്നു സമ്ബാദ്യം. തലച്ചോർ ചുരുങ്ങുന്നതായിരുന്നു അസുഖം. ശസ്ത്ര ക്രിയ്ക്ക് വേണ്ടിയിരുന്നത് മൂന്നു ലക്ഷം. കഴിഞ്ഞ മാസം 20 ന് ഇക്കാര്യം ബാങ്കിനെ അറിയിച്ചു.

ഒരുമാസത്തിനിപ്പുറം അമ്പതിനായിരം രൂപ മാത്രം ബാങ്ക് നൽകി. ശസ്ത്രക്രിയ നടത്താനാവാതെ 25/07/22 കഴിഞ്ഞ തിങ്കളാഴ്ച രാമൻ മരിച്ചു. രാമന്റെ സഹോദരിക്ക് 99 വയസ്സുണ്ട്. അവർക്കു കൂടി കരുതിവച്ച പണമാണ് ബാങ്ക് തിരികെ നൽകാതിരിക്കുന്നത്. പുഷ്പയാണ് രാമന്റെ നോമിനി. പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും ചെവിക്കൊളളുന്നില്ലെന്ന്ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →