തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയങ്ങളില്‍ അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും സാധ്യതയുണ്ട്.
കൊവിഡിന് പിന്നാലെ ഓഫ്ലൈന്‍ ക്ലാസുകള്‍ സജീവമായ സാഹചര്യത്തിലാണ് സ്‌കൂളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വൈകാതെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലും സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.