കൊച്ചി: എറണാകുളത്തെ മാലിന്യ പ്രശ്നങ്ങളും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിന് പ്രഥമ പരിഗണന കൊടുക്കുമെന്ന് ജില്ലാ കളക്ടർ രേണുരാജ് . ജില്ലാ കളക്ടറായി ചുമതലയേറ്റിനെ തുടർന്നാണ് രേണുരാജിന്റെ പ്രസ്താവന. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണുരാജ് കഴിഞ്ഞ ദിവസമാണ് അവിടെ നിന്നും ചുമതല ഒഴിഞ്ഞത്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. രേണുരാജ് ഒഴിഞ്ഞപ്പോൾ പകരം ആലപ്പുഴയുടെ ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ്. എറണാകുളം ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞ ജാഫർ മാലിക്ക് ഇനി പിആർഡി ഡയറക്ടറായി പ്രവർത്തിക്കും.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമൻ. എംബിബിഎസ്, എംഡി ബിരുദധാരിയാണ്. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക

