കിളിമാനൂർ: സ്കൂൾ കെട്ടിടത്തിന് ഉലച്ചിൽ അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റി.കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിറകിലായി മൈതാനത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടത്തിനാണ് ഉലച്ചിലുണ്ടായത്. കഴിഞ്ഞ കുറച്ച് നാളുകളായി കെട്ടിടം കുലുങ്ങുന്നതായി വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും അദ്ധ്യാപകർ ഇത് കാര്യമാക്കിയിരുന്നില്ല.
എന്നാൽ ഈ കഴിഞ്ഞ 22/07/22 വെള്ളിയാഴ്ചയും ഇത് അനുഭവപ്പെട്ടതായി വിദ്യാർത്ഥികൾ പറഞ്ഞതോടെയാണ് അദ്ധ്യാപകർ ഇത് കാര്യമാക്കിയതും ശ്രദ്ധിച്ചതും. കെട്ടിടത്തിന്റെ ഒരു മൂലയിലാണ് ഇത് അനുഭവപ്പെടുന്നതെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നു. കെട്ടിടത്തിന് സമീപത്തായി നിൽക്കുന്ന പുളിമരത്തിന്റെ ശിഖരത്തിലേക്ക് കെട്ടിടത്തിന്റെ സൺ ഷേഡ് ഉലഞ്ഞ് തട്ടുന്നതായി അനുഭവപ്പെടുന്നുണ്ട്.
എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടത്തിന്റെ ആദ്യ നില 2004ലും രണ്ടാം നില 2008ലുമാണ് നിർമിച്ചത്. ഈ കെട്ടിടത്തിൽ ആറ് യു.പി ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ഇവരെ മറ്റ് ക്ലാസിലെ കുട്ടികൾക്കൊപ്പം ഇരുത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എൻജിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തി. മൈനിംഗ് ആൻഡ് ജിയോളജി ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ അടുത്ത ദിവസം സ്ഥലത്തെത്തി പരിശോധന നടത്തും