ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ചൊല്ലിക്കൊടുത്തത്. തുടർന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങൾ പരസ്പരം കൈമാറി. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോകസഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാർ, സേനാമേധാവിമാര്‍, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശ രാഷ്ട്ര പ്രതിനിധികൾ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ മുർമു മഹാത്മാഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണ് എന്നും, മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിരുന്നു.
ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി തുടങ്ങിയ പല പ്രത്യേകതകളും മുർമുവിന് സ്വന്തമാണ്. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡൽഹി 24/07/22 ഞായറാഴ്ച മുതൽ ആഘോഷ തിമിർപ്പിൽ ആയിരുന്നു. രാജ്യത്തുട നീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ മുർമുവിന്റെ വസതിയിൽ എത്തിയിരുന്നു.

