തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഓഗസ്റ്റ് 22നാണ് വോട്ടെണ്ണല്‍. വിജ്ഞാപനം ജൂലൈ 26ന് പുറപ്പെടുവിക്കും.2020 ഡിസംബറില്‍ സംസ്ഥാനത്തെ 1,200 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഒഴികെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11ന് ചുമതലയേറ്റെടുക്കും.നഗരസഭയില്‍ 35 വാര്‍ഡുകളും 38,812 വോട്ടര്‍മാരും ആണുള്ളത്. 18 വാര്‍ഡുകള്‍ വനിതകള്‍ക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18,200 പുരുഷന്മാരും 20,610 വനിതകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഓരോ വാര്‍ഡിലും ഓരോ ബൂത്ത് വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. 2,000 രൂപയാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി വിഭാഗത്തിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് 1,000 രൂപ മതിയാകും. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75,000 രൂപയാണ്. മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.