തിരുവനന്തപുരം: കഴിഞ്ഞമാസം 30 വരെ ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് ഭൂരഹിത ഭവനരഹിതര്‍ക്കു നിര്‍മിച്ചുനല്‍കിയത് 3,00,075 വീടുകള്‍. 32,873 വീടുകളുടെ നിര്‍മാണം നടന്നുവരുന്നു. സ്ഥലപരിമിതി കാരണം വിഭാവന ചെയ്ത പാര്‍പ്പിടസമുച്ചയം(ഫ്‌ലാറ്റ്) നിര്‍മാണം പൂര്‍ത്തിയാക്കി വിതരണം ചെയ്തത് ഇടുക്കി ജില്ലയില്‍ മാത്രം. 9697.21 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍നിന്ന് പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.
ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവിലുള്ള ഭവനസമുച്ചയമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതില്‍ 217 ഫïാറ്റുകളാണുള്ളത്. 165 എണ്ണം കൈമാറിയിട്ടുണ്ട്.2,04,426 വീടുകള്‍ക്ക് ലൈഫ് മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ 1,71,641 വീടുകള്‍ ലൈഫ് മിഷന്‍ നേരിട്ടും 1,28,434 എണ്ണം മറ്റ് ഏജന്‍സികള്‍ മുഖേനയും പൂര്‍ത്തീകരിച്ചതാണ്. ചെലവഴിച്ച തുകയുടെ വിഹിതം ഇങ്ങനെ:
സംസ്ഥാന സര്‍ക്കാര്‍: ആകെ 2535.22 കോടി. ലൈഫ്-952.5 കോടി, പി.എം.എ.വൈ (നഗരം)-389.01 കോടി, പി.എം.എ.വൈ (ഗ്രാമം)-131.90 കോടി, എസ്.സി/എസ്.ടി/ഫിഷറീസ്-1008.19 കോടി, ഭവന സമുച്ചയ നിര്‍മാണം-53.62 കോടി.തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം: ആകെ 2834.94കോടി. ലൈഫ്-1429.21 കോടി, പി.എം.എ.വൈ (നഗരം) 621.11 കോടി, പി.എം.എ.വൈ (ഗ്രാമം)-784.62 കോടി.കേന്ദ്ര വിഹിതം: ആകെ 1307.05 കോടി. പി.എം.എ.വൈ (നഗരം)-1109.20 കോടി, പി.എം.എ.വൈ (ഗ്രാമം)-197.85 കോടി.ഹഡ്കോ ലോണ്‍: 3020 കോടി. നഗരം-1000 കോടി. ഗ്രാമം-2020 കോടി.