ന്യൂഡെൽഹി : മുമ്പ് ചെയത പ്രവർത്തനങ്ങൾ തുടരുമെന്ന് തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങിയ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. ഉത്തർപ്രദേശിൽ റജിസ്റ്റർ ചെയ്ത ഏഴു കേസുകളിലും സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് സുബൈർ പുറത്തിറങ്ങിയത്. ‘സുപ്രീം കോടതി ഒരു നിയന്ത്രണവും ഏർപ്പെടുത്താത്തതിനാൽ എന്റെ ജോലി ഞാൻ പഴയതുപോലെ ചെയ്യും.’ – സുബൈർ പറഞ്ഞു.
ട്വീറ്റു ചെയ്യുന്നതിനു രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിൽ, അന്വേഷണത്തിൽ തന്നോട് അതിനെക്കുറിച്ചു ചോദിച്ചിട്ടില്ലെന്ന് സുബൈർ പറഞ്ഞു. ‘ജയിൽ മോചിതനായതിനു ശേഷമാണ് ഈ ആരോപണത്തെക്കുറിച്ച് ഞാൻ അറിയുന്നത്, ഒരു അന്വേഷണ ഏജൻസിയും എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല.’– അദ്ദേഹം പറഞ്ഞു.
പണം വാങ്ങിയാണ് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതെന്ന് ഉത്തർപ്രദേശ് സർക്കാരാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സുബൈർ മാധ്യമപ്രവർത്തകനല്ല, അദ്ദേഹം ദുരുദ്ദേശ്യപരമായ ട്വീറ്റുകൾ നടത്തി പണം സമ്പാദിക്കുന്നുണ്ട്, ട്വീറ്റുകൾ എത്രത്തോളം ദുരുദ്ദേശ്യപരമാണോ അത്രയധികം പണം ലഭിച്ചെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് കോടതിയിൽ പറഞ്ഞു.
‘തന്റെ ട്വീറ്റുകൾക്ക് 2 കോടി രൂപ ലഭിച്ചതായി സുബൈർ അംഗീകരിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനല്ല. വിദ്വേഷ പ്രസംഗ വിഡിയോകൾ വൈറലാക്കി വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്.’– ഗരിമ പറഞ്ഞു
ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2022 ജൂൺ 27നാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2018ൽ നടത്തിയ ട്വീറ്റിന്റെ പേരിൽ ഡൽഹി പൊലീസ് സ്പെഷൽ സെൽ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ഡൽഹി ഹൈക്കോടതി സുബൈറിനു ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, യുപി പൊലീസ് തുടർച്ചയായി കേസുകൾ റജിസ്റ്റർ ചെയ്തതോടെയാണ് ജയിലിൽ കഴിയേണ്ടി വന്നത്

