ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയും.
” ടി.എം.സിയുടെ തീരുമാനം നിരാശാജനകമാണ്.ആരോപണപ്രത്യാരോപണങ്ങള്‍ക്കും ഈഗോയ്ക്കും ക്ഷോഭത്തിനുമുള്ള സമയമല്ലിത്. ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണ്. ധൈര്യത്തിന്റെ ആള്‍രൂപമായ മമത ബാനര്‍ജി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.”-മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി ആരായാലും പിന്തുണയ്ക്കുമെന്നു മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉറപ്പുനല്‍കിയിരുന്നെന്നും പിന്നീടാണു തീരുമാനം മാറ്റിയതെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ”ജൂലൈ 15 ന് സോണിയ ഗാന്ധി മമതയെ വിളിച്ചപ്പോള്‍ ഉറപ്പുനല്‍കിയിരുന്നതായി ഈ ഉറപ്പു നല്‍കിയത്. പിറ്റേന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ തീരുമാനിച്ചതിനു പിന്നാലെ ഉപരാഷ്ട്രതിപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് സോണിയ ഗാന്ധി മമത ബാനര്‍ജിക്കു സന്ദേശം അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായി ജൂലൈ 19 ന് വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയില്‍ ഒത്തുചേര്‍ന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. പവാര്‍ മമത ബാനര്‍ജിയെ വിളിച്ചെങ്കിലും തിരക്കിലാണെന്നാണ് അവരുടെ ഓഫീസില്‍നിന്നു മറുപടി ലഭിച്ചത്. മാര്‍ഗരറ്റ് ആല്‍വയുടെ പേര് തീരുമാനിക്കുന്നതിന് മുമ്പ് നേതാക്കള്‍ അരമണിക്കൂറോളം കാത്തിരുന്നെങ്കിലും മമത ബാനര്‍ജിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.”-മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
ഈ മാസം 21 ന് ടി.എം.സി. നേതാവും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പാര്‍ട്ടി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ചത്. 35 എം.പിമാരുള്ള ടി.എം.സിയുമായി വേണ്ടരീതിയില്‍ കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു പരാതി. തങ്ങള്‍ ചില പേരുകള്‍ മുന്നോട്ടുവച്ചിരുന്നെന്നും എന്നാല്‍ അക്കാര്യത്തില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചര്‍ച്ചകളില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലാണ് ടി.എം.സിയുടെ അതൃപ്തിക്ക് കാരണമെന്നു ചില നേതാക്കള്‍ സൂചിപ്പിച്ചു. അതേസമയം, പശ്ചിമബംഗാള്‍ ഗവര്‍ണറും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ ജഗ്ദീപ് ധന്‍കറുടെ വിജയം മമതയ്ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗവര്‍ണറായി സ്ഥാനമേറ്റതു മുതല്‍ ധന്‍കര്‍ ബംഗാള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിലധികം തവണ നേര്‍ക്കുനേര്‍ വന്നത് ഭരണഘടനാ പ്രതിസന്ധിക്ക് പോലും ഇടയാക്കുകയുണ്ടായി. പ്രതിപക്ഷ നേതാവിന്റെ റോളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പലപ്പോഴും ടി.എം.സി. ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

