ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ വെളിവായി. സംസ്ഥാനത്തെ കോണ്‍ഗ്രസ് അംഗങ്ങളുടെ ആകെ വോട്ടിന്റെ പകുതിയും എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു പെട്ടിയിലാക്കി. ഝാര്‍ഖണ്ഡില്‍ നിന്ന് 70 വോട്ടുകള്‍ മുര്‍മുവിനു കിട്ടിയെന്നാണ് ലഭ്യമായ കണക്കുകള്‍.
പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കു കിട്ടിയത് കേവലം ഒമ്പത് എം.എല്‍.എമാരുടെ വോട്ടുകള്‍ മാത്രം. 81 അംഗ ഝാര്‍ഖണ്ഡ് അസംബ്ലിയില്‍ 80 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബി.ജെ.പിയുടെ ഇന്ദ്രജിത്ത് മഹ്തോ അസുഖം കാരണം വോട്ടിടാന്‍ എത്തിയില്ല. ബാക്കി വോട്ടുകളില്‍ ഒരെണ്ണം അസാധുവായി. സാധുവായ 79 വോട്ടില്‍ എഴുപതും മുര്‍മുവിനാണ് കിട്ടിയത്.
കേവലം 60 വോട്ടുകള്‍ ബി.ജെ.പി. പ്രതീക്ഷിച്ചിടത്താണ് പത്തെണ്ണം അധികം കിട്ടിയത്. ഝാര്‍ഖണ്ഡ് നിയമസഭയില്‍ ബി.ജെ.പിക്ക് 25 എം.എല്‍.എമാരാണുള്ളത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്ക് 30, എ.ജെ.എസ്.യുവിന് 2, സ്വതന്ത്രര്‍-2, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്-1. ഇവയെല്ലാം ചേര്‍ത്താണ് എന്‍.ഡി.എ 60 വോട്ട് കണക്കുകൂട്ടിയത്.
മറുപക്ഷത്ത്, സിന്‍ഹയ്ക്ക് ഝാര്‍ഖണ്ഡില്‍ 20 വോട്ടുകളാണ് കണക്കുകൂട്ടിയിരുന്നത്. കോണ്‍ഗ്രസ്-18, ആര്‍.ജെ.ഡി-1, സി.പി.ഐ. (എം.എല്‍)-1 എന്നിവയിലായിരുന്നു അവരുടെ പ്രതീക്ഷ. ബംഗാളിലും തൃണമൂല്‍ എം.എല്‍.എമാരുടെയും എം.പിമാരുടെയും വോട്ടുകള്‍ മുര്‍മുവിനു മറിഞ്ഞെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 294 അംഗ നിയമസഭയില്‍ 291 പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 216 വോട്ടുകളാണ് യശ്വന്ത് സിന്‍ഹയ്ക്കു കിട്ടിയത്. 71 വോട്ടുകള്‍ മുര്‍മുവിനും. നാലെണ്ണം അസാധുവായി. തൃണമൂല്‍ എം.എല്‍.എ റാഫിക്കുല്‍ ഇസ്ലാം ഹജ് തീര്‍ഥാടനത്തിലായിരുന്നു. മറ്റൊരു തൃണമൂല്‍ എം.എല്‍.എ മരിച്ചതിന്റെ ഒഴിവ് നികത്തിയിട്ടില്ല. വോട്ടെടുപ്പില്‍നിന്ന് ഐ.എസ്.എഫ് എം.എല്‍.എ നൗഷാദ് സിദ്ദിഖി വിട്ടുനിന്നു. പ്രതിപക്ഷ എം.പിമാരില്‍ നാലുപേര്‍ മുര്‍മുവിന് വോട്ടു മറിച്ചെന്നാണ് കണക്കുകള്‍.

