സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ത്വക്ക്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു.
കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പറഞ്ഞു. നിലവില്‍ 11 കേസുകളാണ് ജില്ലയില്‍ ഉളളത്. കുട്ടികളിലെ രോഗ നിര്‍ണ്ണയത്തിനായുളള ബാലമിത്ര പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ സ്‌ക്രീനിംഗ് ജില്ലയില്‍ നടന്നു വരുന്നു.  രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ശരാശരി 5 വര്‍ഷം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക.  മുതിര്‍ന്നവരും ഇടയ്ക്കിടെ ശരീര പരിശോധന നടത്തണമെന്നും പാടുകളും തടിപ്പുകളും  ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.രച്ന ചിദംബരം, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു, അസി.ലെപ്രസി ഓഫീസര്‍ ആബിദ ബീവി എന്നിവര്‍ പങ്കെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ത്വക്ക്രോഗ വിദഗ്ദ്ധ ഡോ.രാജിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.  സൗജന്യ പരിശോധനയ്ക്ക് പുറമെ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

എന്താണ് കുഷ്ഠ രോഗം
മൈക്കോ ബാക്ടീരിയം  ലെപ്രെ എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കുഷ്ഠരോഗം. പ്രധാനമായും  നാഡികളെയും ത്വക്കിനെയും ബാധിക്കുന്ന രോഗം പകരുന്നത് വായുവിലൂടെയാണ്. 99 ശതമാനം ആളുകള്‍ക്കും രോഗം പകരില്ല. ഏതവസ്ഥയിലും രോഗം ചികിത്സിച്ചാല്‍ പൂര്‍ണമായും മാറും. രോഗാരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അംഗവൈകല്യം ഒഴിവാക്കാനാകും.

രോഗ ലക്ഷണങ്ങള്‍
ശരീരത്തില്‍ നിറം മങ്ങിയതോ, ചുവപ്പു കലര്‍ന്നതോ, ചെമ്പ് നിറത്തിലോ, എണ്ണമയമുളളതോ, തിളക്കമുളളതോ ആയ പാടുകള്‍, സ്പര്‍ശന ശേഷി നഷ്ടപ്പെടാത്ത മൃദുവും, തിളക്കമാര്‍ന്നതുമായ തടിപ്പുകള്‍, പാടുകളില്‍ ചൊറിച്ചില്‍, വേദന എന്നിവ ഉണ്ടായിരിക്കുകയില്ല.  രോമവളര്‍ച്ചയും വിയര്‍പ്പും കുറവായിരിക്കും, ചെവി, മറ്റ് ശരീരങ്ങളിലെ ചെറുമുഴകള്‍,കൈകാല്‍ തരിപ്പ്, മരവിപ്പ്, ഞരമ്പുകളില്‍ തടിപ്പ്, വേദന എന്നിവയുമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →