പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിപിഒ സിൻസി. പി അസീസ് ആണ് (35) മരിച്ചത്. 2022 ജൂലൈ 11ന് കിടങ്ങന്നൂരിന് സമീപത്ത് വച്ച് സിൻസി ഓടിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വൈകുന്നേരം മൂന്നരയോടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സിൻസിയെ ആശുപത്രിയിൽ എത്തിച്ചത് ഏറെ വൈകിയാണ്. വിവരമറിഞ്ഞ് ഇലവുതിട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാർ എത്തിയാണ് സിൻസിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ശരീരത്തിൽ നിന്ന് ഏറെ രക്തം നഷ്ടമായിരുന്നു. തലക്കേറ്റ പരിക്കായിരുന്നു മരണകാരണം.
സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സ്ത്രീകൾക്കും, കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല വഹിക്കുകയായിരുന്നു സിൻസി.