ജില്ലയുടെ പൊക്കാളിപ്പെരുമയ്ക്കു മാറ്റുകൂട്ടാന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് ഒരുങ്ങി കുമ്പളങ്ങി കൃഷിഭവന്‍. കഴിഞ്ഞ വര്‍ഷം രണ്ടു ഹെക്ടറില്‍ മാത്രമായിരുന്നു കൃഷി നടത്തിയിരുന്നതെങ്കില്‍ സാധ്യമായ പരമാവധി സ്ഥലത്ത് കൃഷി ആരംഭിക്കാനാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. നിലവില്‍ ആറ് ഹെക്ടര്‍ സ്ഥലത്ത് വിത്ത് വിതച്ചിട്ടുണ്ട്. വളര്‍ച്ചയെത്തിയ തൈകള്‍ ഉടന്‍ പറിച്ചുനടും.
ജില്ലയിലെ തനതു വിത്തിനമായ പൊക്കാളിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്പളങ്ങിയില്‍ കൂടുതല്‍ സ്ഥലത്ത് ഇത്തവണ കൃഷി ആരംഭിക്കുന്നത്. ഇതിനാവശ്യമായ വിത്തുള്‍പ്പടെ കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. പാടശേഖര സമിതികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും പിന്തുണ ഉറപ്പാക്കിയാണു കൃഷി വ്യാപിപ്പിക്കുന്നത്. കര്‍ഷകര്‍ക്കു പുറമെ വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും പൊക്കാളി കൃഷിയെ കുറിച്ചുള്ള അവബോധം വളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണു കൃഷിഭവന്‍ പരിധിയില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നത്. തരിശായ സാധ്യമായ പരമാവധി സ്ഥലങ്ങളില്‍ നെല്‍കൃഷിയും ശേഷിക്കുന്ന സ്ഥലങ്ങളില്‍ പച്ചക്കറി കൃഷിയും ആരംഭിക്കും. വീട്ടു വളപ്പിലും പൊതുസ്ഥലങ്ങളോട് ചേര്‍ന്നുമായിരിക്കും പച്ചക്കറി കൃഷി കൂടുതലായി ആരംഭിക്കുന്നത്.

