കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വേണമെന്നുള്ള ആദിവാസി സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. കോതമംഗലത്തെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പ്രവേശനം ലഭിക്കുന്ന ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വിദ്യാര്‍ത്ഥികളെപ്പോലെ ദൈനംദിനം വീട്ടില്‍ പോയി വരാന്‍ സാധിക്കില്ല. ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് ഈ കുട്ടികള്‍ നേരിടേണ്ടി വരുന്നത്. പലരും
വിദ്യാഭ്യാസം ഉപേക്ഷിച്ച് കുടികളിലേക്കു തിരികെ പോകുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.
ഈ അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് കോതമംഗലത്ത് ഒരു ട്രൈബല്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുകയുണ്ടായി. കോതമംഗലം നഗരസഭാ പരിധിയില്‍ വരുന്ന കറുകടത്തിന് സമീപം നിലവില്‍ കണ്ടെത്തിയിട്ടുള്ള കെട്ടിടം ഹോസ്റ്റല്‍ ആരംഭിക്കുവാന്‍ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി. ഈ കെട്ടിടത്തില്‍ എത്രയും വേഗം ഹോസ്റ്റല്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഹോസ്റ്റല്‍ ആരംഭിക്കുന്നതോടുകൂടി കോതമംഗലത്തും പരിസരത്തുമുളള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും, ആര്‍ട്‌സ് & സയന്‍സ്, എഞ്ചിനീയറിങ്ങ്, ദന്തല്‍, ആയുര്‍വേദം, ഫാര്‍മസി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇവിടെ താമസിച്ചു പഠനം തുടരുവാന്‍ കഴിയും. ആദിവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നതെന്നും ഹോസ്റ്റല്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കുമെന്നും ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.

