ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്.
വോട്ടെടുപ്പ് 18/07/22 രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാര്‍ലമെന്റില്‍ 63ആം നമ്പര്‍ മുറിയായിരുന്നു പോളിംഗ് ബൂത്ത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എംപിമാരും എംഎല്‍എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, മികച്ച മല്‍സരം കാഴ്ച വെക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

