മല്ലപ്പള്ളി: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവെട്ടൂർ ചോലക്കരമ്മൻ സുനിൽ കുമാറിനെ (42) ആണ് കീഴ്‌വായ്പൂർ എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂർ സ്വദേശിനിയാണ് പരാതിക്കാരി.
2021 ഫെബ്രുവരി 24ന് ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു. അതിനുശേഷം പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ചിരുന്നു. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ച് പീഡനം നടത്തി ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.
ഇയാളുടെ സുഹൃത്തുക്കളായ 6 പേർക്ക് ചിത്രങ്ങൾ കൈമാറുകയും ഇവർ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകറുടെ നിർദേശപ്രകാരമാണ് അന്വേഷണം നടന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് മലപ്പുറത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ വിഡിയോ കോളിലൂടെ വിദേശത്തുള്ള പരാതിക്കാരിയെ കാണിച്ചു. യുവതി പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്.

