കോഴിക്കോട് : കെ.എസ്.ആർ.ടി സി ഡ്രൈവറും മറ്റൊരാളും ചേർന്ന് സ്ത്രീയെ നടുറോഡിലിട്ട് മർദിക്കുകയും ശരീരഭാഗത്ത് സ്പർശിച്ച് അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ബാലുശ്ശേരി പൊലീസ് പ്രതികളെ പിടികൂടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.2022 ഏപ്രിൽ ഏഴിനായിരുന്നു സംഭവം.
റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.2022 ആഗസ്റ്റിൽ കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മർദനമേറ്റ സ്ത്രീ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് സി.ജെ.എം കോടതിയിൽ ഏപ്രിൽ 29 ന് ഹാജരായി മൊഴിയും നൽകി. ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നാണ് നന്മണ്ട സ്വദേശിനി നൽകിയ പരാതി.

