സിബിഎസ്ഇ പത്താം ക്ലാസ് ഫലം വേഗത്തിൽ ആക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വേഗത്തിൽ ആക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുൻപ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് വി.ശിവൻകുട്ടി കത്തയച്ചു.

18/07/22 തിങ്കളാഴ്ച വരെയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതിക്ക് ശേഷം ഫലം ലഭിക്കുന്നതുവരെ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 17/08/22 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കാനാണ് തീരുമാനം.

പ്രതിവർഷം 30,000 ത്തോളം കുട്ടികളാണ് സിബിഎസ്ഇ യിൽ നിന്ന് സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനം നേടുന്നത്. വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്റ്റേറ്റ് സിലബസ്സിലേക്ക് മാറുന്നത് ഒഴിവാക്കാനാണ് ഫലം വൈകിപ്പിക്കുന്നതെന്ന് അനൗദ്യോഗിക വിശദീകരണം ഉണ്ട്. കഴിഞ്ഞവർഷം സംസ്ഥാന സ്റ്റേറ്റ് സിലബസിൽ പഠിച്ച 4,20,774 കുട്ടികൾ പ്ലസ് വണ്ണിന് അപേക്ഷിച്ചപ്പോൾ സിബിഎസ്ഇ വഴി 30,757 ഐസിഎസ്ഇ വഴി 3,303 പേരും മറ്റു സംസ്ഥാനങ്ങളിലെ സിലബസിൽ പഠിച്ച 9178 പേരുമാണ് അഡ്മിഷൻ നേടിയത്.

പ്ലസ് വൺ അപേക്ഷ തിയതി നീട്ടിയില്ലെങ്കിൽ സിബിഎസ്ഇ, ഐസിഎസ്ഇ കുട്ടികൾക്ക് സപ്ലിമെന്ററി ഘട്ടത്തിലോ സ്പോട്ട് അഡ്മിഷനിലോ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അങ്ങനെ വന്നാൽ ഒഴിവുള്ള ഇടങ്ങളിൽ മാത്രം അപേക്ഷിക്കാം. ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കാനാവില്ല. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോർഡുകളും പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →