തിരുവനന്തപുരം: അവരെ വേദനിപ്പിച്ചെങ്കിൽ അത് അവരുടെ കാര്യം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പറഞ്ഞത് ശരിയാണ് ഒരു ഖേദവുമില്ല കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ ഉറച്ച് എം എം മണി. ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം എം മണി തന്റെ പരാമർശത്തിൽ ഖേദം ഇല്ലെന്ന് ആവർത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തിൽ വരെ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്തു മര്യാദയാണെന്നും ചോദിച്ചു.
കെ കെ രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോൾ ഞങ്ങൾ ആരും പ്രതികരിച്ചില്ല. സഭയിൽ ഇല്ലാത്ത രമ വൈകുന്നേരം വന്നപ്പോൾ പ്രതിപക്ഷം അവർക്ക് പ്രത്യേകം സമയം അനുവദിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിധവയല്ലേ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അതിനു മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേ എന്ന് താൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല. അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികൾക്കാണ്. താൻ ദൈവവിശ്വാസി അല്ല. സഭയിൽ ആർക്കും പ്രത്യേക പദവിയില്ലെന്നും മണി അറിയിച്ചു.
സഭയിൽ പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി പറഞ്ഞിട്ടല്ലെന്ന് അറിയിച്ച മണി തന്റെ വാക്കുകളിൽ വേദന ഉണ്ടെങ്കിൽ “ഞാൻ എന്തുവേണം?” എന്നും ചോദിച്ചു. മഹതി എന്ന് രമയെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചതായും എംഎം മണി പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർട്ടി തീരുമാനിച്ച് ചെയ്തതല്ലെന്നും എം എം മണി പ്രതികരിച്ചു. 15/07/22 വെള്ളിയാഴ്ച എംഎം മണി സഭയിൽ എത്തിയിരുന്നില്ല. കെ കെ രമക്കെതിരായ പരാമർശത്തിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം സഭയിൽ തുടരുകയാണ്. ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മണി സഭയിൽ എത്താതിരുന്നത് പേടിച്ചിട്ടാണെന്ന് കരുതുന്നതായി കെ കെ രമ പ്രതികരിച്ചു. ടി പി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്ന് കേരളത്തിന് അറിയാമെന്നും അവർ പറഞ്ഞു.

