കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ച് ഭാര്യയും, പിതാവും കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ചികിത്സ നൽകുമെന്ന് കാണിച്ചുള്ള സത്യവാങ്മൂലമാണ് നൽകേണ്ടത്. കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും താക്കീത് നൽകിയിട്ടുണ്ട്.
2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നായിരുന്നു നടന്റെ വാദം. അധിക ദിവസം ജയിലിൽ തുടരേണ്ടി വന്നാൽ പ്രതിയുടെ മാനസിക നിലയെ അത് ബാധിക്കുമെന്നും, പോലീസുമായി സഹകരിക്കുമെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തൃശൂർ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 2022 ജൂലൈ മാസം നാലിന് തൃശ്ശൂർ അയ്യന്തോളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ എസ് എൻ പാർക്കിന് സമീപം കാർ നിർത്തിയ നടൻ രണ്ടു പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

