മങ്കി പോക്സ് ; സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ചു ജില്ലകളിൽ നിന്നുള്ളവർ ഫ്ലൈറ്റ് കോൺടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ആരോഗ്യപ്രവർത്തകർ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇവർക്ക് പനിയോ മറ്റന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കി പോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യം ഒരുക്കും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

മങ്കി പോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത പാലിക്കണം. അനാവശ്യമായ ഭയമോ, ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാനതലത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിക്കും. എല്ലാ ജില്ലകൾക്കും ഗൈഡ് ലൈൻ നൽകും.

12/07/22 ചൊവ്വാഴ്ച യുഎഇ സമയം വൈകുന്നേരം അഞ്ചുമണിക്ക് ഉള്ള ഷാർജ തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് രോഗം സ്ഥിരീകരിച്ചയാൾ എത്തിയത്. വിമാനത്തിൽ 164 യാത്രക്കാരും 6 ക്യാബിൻ ക്രൂവുമാണ് ഉണ്ടായിരുന്നത്. അതിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലെ 11 പേർ ഹൈ റിസ്ക് കോൺടാക്ട് പട്ടികയിൽ ഉള്ളവരാണ്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വേണം എന്ന് മന്ത്രി അറിയിച്ചു.

കുടുംബാംഗങ്ങളിൽ അച്ഛനും, അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമ്മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന 11 യാത്രക്കാർ എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരെയും, രോഗിയുടെ ബാഗേജ് കൈകാര്യം ചെയ്തവരെയും നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പി പി ഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോൺടാക്ട് ആയി വരുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →